സഹദായുടെ തിരുശേഷിപ്പ് പുതുപ്പള്ളിപ്പള്ളിയില്‍

-കെ. കെ. കുറിയാക്കോസ് വാവള്ളില്‍, എം.ജെ. ഐപ്പ് മള്ളിയില്‍ (കൈക്കാരന്മാര്‍)

പാശ്ചാത്യ-പൌരസ്ത്യ ദേശങ്ങളിലെ ക്രൈസ്തവരും അക്രൈസ്തവരുമായ ജനകോടികള്‍ ആദരപൂര്‍വം മധ്യസ്ഥനായി അഭയംപ്രാപിക്കുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദാ രക്തസാക്ഷിത്വം വരിച്ചിട്ട് പതിനേഴു നൂറ്റാണ്ടു പൂര്‍ത്തിയായിരിക്കുകയാണ്. സഹദായുടെ മധ്യസ്ഥതയില്‍ അഭയം അര്‍പ്പിച്ചിരിക്കുന്ന അതിപുരാതനമായ പുതുപ്പള്ളിപ്പള്ളിയില്‍ രക്തസാക്ഷിത്വത്തിന്റെ പതിനേഴാം ശതാബ്ദി ഭക്തിനിര്‍ഭരമായി ആചരിക്കുകയാണ്.

പുതുപ്പള്ളിപ്പള്ളിയില്‍ ഏപ്രില്‍ 23 മുതല്‍ മേയ് 23 വരെയുള്ള ദിനങ്ങള്‍ സഹദായുടെ സാന്നിദ്ധ്യാനുസ്മരണ ദിനങ്ങളാണ്. മേയ് ആറ്, ഏഴ് തീയതികളിലാണ് പുതുപ്പള്ളിപ്പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുനാള്‍. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ് പുതുപ്പള്ളിപ്പള്ളിയില്‍ സ്ഥാപിക്കുന്നു എന്നത് ഈ വര്‍ഷത്തെ പെരുനാള്‍ദിനത്തിന്റെ മഹത്വത്തിനു മാറ്റുകൂട്ടുന്നു. മേയ് ഏഴാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായാണ് തിരുശേഷിപ്പു സ്ഥാപിക്കുന്നത്. വിശുദ്ധന്റെ തിരുശേഷിപ്പു സ്ഥാപിക്കുന്ന മലങ്കരയിലെ പ്രഥമ ദേവാലയമാണു പുതുപ്പള്ളിപ്പള്ളി.

മലങ്കരസഭാ ഭാസുരന്‍ പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് തിരുമേനിക്ക് തന്റെ മധ്യപൂര്‍വദേശത്തെ സന്ദര്‍ശനവേളയില്‍ അന്നത്തെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നല്‍കിയതാണ് ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ്. 1916ല്‍ മര്‍ദ്ദീനയില്‍നിന്നു കൊണ്ടുവന്ന തിരുശേഷിപ്പ് മേയ് രണ്ടിനു രണ്ടുമണിക്ക് പരിശുദ്ധ വട്ടശേരില്‍ തിരുമേനി അന്ത്യവിശ്രമംകൊള്ളുന്ന പഴയസെമിനാരിയില്‍വച്ച് അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് തിരുമേനിയില്‍നിന്ന് ഏറ്റുവാങ്ങി. ആയിരക്കണക്കിനു വിശ്വാസികളുടെയും നൂറുകണക്കിനു വാഹനങ്ങളുടെയും അകമ്പടിയോടെ ദേവലോകം അരമനയില്‍ എത്തി പരിശുദ്ധ പിതാക്കന്മാരുടെ കബറിടത്തില്‍ പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ പ്രാപിച്ചു. തുടര്‍ന്നു ഭക്തിപൂര്‍വം ഘോഷയാത്രയായി പുതുപ്പള്ളിപ്പള്ളിയില്‍ എത്തി.

-2004 പുതുപ്പള്ളിപ്പള്ളിയെ സംബന്ധിച്ചിടത്തോളം പുരോഗതിയുടെ സുവര്‍ണവര്‍ഷമാണ്. പള്ളി നവീകരിച്ച് നവമധ്യസ്ഥരുടെ നാമത്തില്‍ കൂദാശചെയ്തു. ചിരകാലസ്വപ്നമായിരുന്ന ഓഫിസ് കെട്ടിട സമുച്ചയത്തിന്റെയും ധ്യാനമന്ദിരത്തിന്റെയും പണി പൂര്‍ത്തിയായി. പുതുപ്പള്ളി കവലയിലുള്ള കുരിശിന്‍തൊട്ടിയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സഹദാ നല്‍കിയ വരദാനങ്ങളാണ് ഈ പുരോഗമനാത്മകമായ നേട്ടങ്ങള്‍ എല്ലാം.

പുതുതായി പണിത ഓഫിസ് കെട്ടിടസമുച്ചയം മേയ് അഞ്ചാം തീയതി കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ കാര്‍മികത്വത്തില്‍ കൂദാശചെയ്യപ്പെടും. രണ്ടുമണിക്കു ചേരുന്ന ശതാബ്ദി സ്മാരക മഹാസമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നാമകരണം ചെയ്ത് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ രക്തസാക്ഷിത്വത്തിന്റെ പതിനേഴാം ശതാബ്ദി സ്മാരകമായി സമര്‍പ്പിക്കും.