ശതാബ്ദിസ്മാരക ഓഡിറ്റോറിയവും ഓഫിസ് സമുച്ചയവും

-ജോണ്‍ പി. ജി. പോട്ടയ്ക്കാവേലില്‍


പുതുപ്പള്ളി പള്ളി ഇടവകാംഗങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ഓഡിറ്റോറിയത്തിന്റെയും ഓഫീസ് കോംപ്ളക്സിന്റെയും പണികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. കൂദാശാകര്‍മം മെയ് 5-ാം തീയതി 10 മണിക്ക് ഇടവക മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് നിര്‍വഹിക്കുന്നതാണ്. വൈകുന്നേരം ചേരുന്ന ശതാബ്ദി സ്മാരക മഹാസമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ കെട്ടിടസമുച്ചയം നാമകരണം ചെയ്തു സമര്‍പ്പിക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ 17-ാമത് രക്തസാക്ഷിത്വ ശതാബ്ദി സ്മാരകമാണ് ഈ കെട്ടിട സമുച്ചയം.

ഓഫീസ് കോംപ്ളക്സിന്റെ പ്ളാനും എസ്റ്റിമേറ്റും തയാറാക്കിയത് ആര്‍ക്കിടെക്ട് ജോസഫ് ജോര്‍ജ് ചേര്‍ത്തലയാണ്. പണികള്‍ കരാര്‍ എടുത്തു നടത്തിയത് ശ്രീ. ടി. എസ്. സനിലും (ശില്‍പ്പ കണ്‍സ്ട്രക്ഷന്‍സ്, കൊച്ചി).

മാര്‍ച്ച് 15-ാംതീയതി ഇടവക മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനി ഓഫീസ് കോംപ്ളക്സിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചു. ഏപ്രിലില്‍ പണികള്‍ ആരംഭിച്ചു. ഇടവകാംഗങ്ങളുടെ നിരന്തരപ്രാര്‍ഥനയും നവമധ്യസ്ഥരുടെ അനുഗ്രഹവും സര്‍വോപരി സര്‍വശക്തനായ ദൈവത്തിന്റെ മഹത്വവും നിമിത്തം പണികള്‍ ഇത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനു സാധിച്ചു.

പള്ളിയുടെ തെക്കുവശത്ത് കിഴക്കുപടിഞ്ഞാറായാണ് മൂന്നുനില ഓഫീസ് കോംപ്ളക്സ്. തെക്കുവടക്കായി ഓഡിറ്റോറിയം 165 അടി നീളത്തിലും 78 അടി വീതിയിലും പണി ചെയ്തിരിക്കുന്നു. പണികളുടെ മേല്‍നോട്ടം വഹിച്ച എന്‍ജിനീയര്‍ എ. എം. മാത്യുവും സൂപ്പര്‍വൈസര്‍മാരായി വിപിന്‍ ഗോവിന്ദ്, ജോജി തോമസ് എന്നിവരും സേവനം അനുഷ്ഠിച്ചു.

ഓഫീസ് കോംപ്ളക്സിന്റെ ഗ്രൌണ്ട് ഫ്ളോറില്‍ കോണ്‍ഫറന്‍സ് ഹാള്‍, മുത്തുക്കുട സ്റ്റോര്‍, വെച്ചൂട്ടിന്റെ പാത്രങ്ങള്‍ക്കുള്ള കലവറ എന്നിവയുണ്ട്. ഒന്നാമത്തെ നിലയില്‍ പള്ളി ഓഫീസ്, കമ്മറ്റി ഹാള്‍, വികാരിമാര്‍ക്കുള്ള മുറികള്‍, കംപ്യൂട്ടര്‍ മുറി, ഗസ്റ്റ് റൂം, മൂന്ന് വി. ഐ. പി. റൂം, ഡൈനിംഗ് ഹാള്‍, ഭക്തജനങ്ങള്‍ക്ക് കുടുംബമായി താമസിക്കുന്നതിനുള്ള മുറികള്‍ എന്നിവയാണുള്ളത്. കൂടാതെ സഭാ മേലദ്ധ്യക്ഷന് ഭക്തജനങ്ങള്‍ക്ക് ആശീര്‍വാദം നല്‍കുന്നതിനുള്ള പ്രത്യേക വേദിയും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ നിലയില്‍ അന്‍പതു പേര്‍ക്കുവീതം താമസിക്കാവുന്ന രണ്ടു ഡോര്‍മെട്രികള്‍ ധ്യാനത്തിനു വരുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി ഇവ വേര്‍തിരിച്ചിരിക്കുന്നു.

പള്ളിയുടെ പൌരാണികതയുടെ പ്രതീകമായി നിലകൊണ്ടിരിക്കുന്ന പഴയ ഓഫീസ് കെട്ടിടം പൊളിച്ച് അതേപടി പുതിയ മന്ദിരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത് ഒരു മ്യൂസിയമായി ഉപയോഗിക്കും.
ഓഡിറ്റോറിയത്തില്‍ 1100 പേര്‍ക്കു ഹാളിലും 400 പേര്‍ക്കു ബാല്‍ക്കണിയിലുമായി ആകെ 1500 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനുള്ള സൌകര്യമുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു സൌകര്യം തൊട്ടടുത്തുണ്ട്.

പള്ളിയുടെ വടക്കുവശത്തുനിന്നും തെക്കുവശത്തുനിന്നും പള്ളിമുറ്റം മുതല്‍ കുരിശിന്‍ തൊട്ടിയുടെ മുന്‍വശം വരെ ഓരോ റാംബുകള്‍ 4.50 മീറ്റര്‍ വീതിയില്‍ പണിയുന്നതിനും കുരിശിന്‍ തൊട്ടിയുടെ മുന്‍ഭാഗം അര്‍ധവൃത്താകൃതിയില്‍ നടകള്‍ പണിയുന്നതിനും പള്ളിയുടെ പടിഞ്ഞാറു വശത്തെ മുറ്റം പത്തടി കൂടി സ്ളാബ് വാര്‍ത്ത് മുറ്റത്തിന്റെ സൌകര്യം കൂട്ടുന്നതിനും പണികളുടെ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പുതുപ്പള്ളി കവലയില്‍ പള്ളിവക സ്ഥലത്ത് കുരിശിന്‍ തൊട്ടിയുടെ നിര്‍മാണവും പുരോഗമിച്ചു വരുന്നു.

പുതുപ്പള്ളി പള്ളിയുടെ മുഖവാരത്തോടുകൂടിയ കുരിശിന്‍ തൊട്ടിക്ക് 50 അടി ഉയരം ഉണ്ടായിരിക്കും. പണികള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതോടുകൂടി ദൈവഹിതമനുസരിച്ച് പുതുപ്പള്ളി പള്ളിയുടെ പ്രതാപവും ഐശ്വര്യവും പൂര്‍വാധികം വര്‍ധിച്ച് മേല്‍ക്കുമേല്‍ പ്രശസ്തി നേടുമെന്ന് നമുക്ക് പ്രത്യാശിക്കാം.