പുതുപ്പള്ളി സഭാ ചരിത്രത്തിലൂടെ

-ഫാ. എ. വി. വര്‍ഗീസ് ആറ്റുപുറം


മലങ്കരസഭാ ചരിത്രത്തില്‍ കാലം വിസ്മരിച്ചു പോയ അനേക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പുതുപ്പള്ളി പള്ളിയുടെ പരിപാവനമായ മണ്ണിനു കഴിഞ്ഞിട്ടുണ്ട്. മലങ്കര സഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് കൊറുയാ പട്ടം ഏറ്റത് 1876 സെപ്റ്റംബര്‍ 27-ാംതീയതി ഞായറാഴ്ച പുതുപ്പള്ളി പള്ളിയില്‍ വച്ചായിരുന്നു. ആ സംഭവം യഥാര്‍ഥത്തില്‍ ഒരു മഹാസംഭവത്തിനു നാന്ദി കുറിച്ചു. മലങ്കര സഭാചരിത്രത്തില്‍ ഉണ്ടായ എല്ലാ സംഭവങ്ങള്‍ക്കും പുതുപ്പള്ളിക്ക് പങ്കുവഹിക്കാന്‍ കഴിഞ്ഞു.

പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി സഭാസംബന്ധമായി അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കുവാനും ആ കരങ്ങള്‍ക്ക് ശക്തി പകരാനും എന്നും ഒപ്പം നിന്നവരാണ് പുതുപ്പള്ളി ഇടവകാംഗങ്ങള്‍. അക്കാലത്ത് വട്ടശ്ശേരില്‍ തിരുമേനിയുടെ വലംകൈയായി പ്രവര്‍ത്തിച്ചത് പുതുപ്പള്ളി ഇടവകാംഗമായ പാറേട്ട് അച്ചനാണ് (പിന്നീട് മാത്യൂസ് മാര്‍ ഈവാനിയോസ്). വട്ടശ്ശേരില്‍ തിരുമേനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു അദ്ദേഹം.

ആദര്‍ശധീരനും വിശ്വസ്തനും മുഖം നോക്കാതെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന പ്രകൃതക്കാരനുമായ പാറേട്ട് മാത്യൂസ് മാര്‍ ഈവനിയോസ് സഭയ്ക്ക് ചെയ്ത സേവനങ്ങള്‍ ഒരുകാലത്തും മറക്കാനാവാത്തതാണ്. പ്രമുഖ സുറിയാനി പണ്ഡിതനായിരുന്ന യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പുതുപ്പള്ളി ഇടവകാംഗം ആയിരുന്നു. സഭയിലെ ആരാധനാക്രമങ്ങള്‍ സുറിയാനിയില്‍നിന്നും ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്.

മലങ്കരസഭാചരിത്രത്തില്‍ സുപ്രധാനമായ പല തീരുമാനങ്ങളുമെടുത്ത ഒരു പള്ളിപ്രതിപുരുഷയോഗത്തിന് വേദിയാകാന്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പു പുതുപ്പള്ളിക്കു കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്. 1879 ഏപ്രില്‍ 26-ന് (1054 മേടം 14) ന് ആയിരുന്നു ആ മഹാസംഭവം. സഭയിലെ മേല്‍പ്പട്ടക്കാരും കമ്മിറ്റിക്കാരും പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ ചേര്‍ന്നു സഭാ സംബന്ധമായി ഒട്ടേറേ തീരുമാനങ്ങള്‍ എടുത്തു. സഭാ ചരിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത -കാലം വിസ്മരിച്ച ഒരു സംഭവമായിരുന്നു പുതുപ്പള്ളി അസോസിയേഷന്‍.

പരിശുദ്ധ പരുമലതിരുമേനി ഏറെ സ്നേഹിച്ച ഇടവകകളില്‍ ഒന്നായിരുന്നു, പുതുപ്പള്ളി പള്ളി. ഇളംതുരുത്തില്‍ ഫീലിപ്പോസ് കോര്‍-എപ്പിസ്കോപ്പായുമായുള്ള സ്നേഹബന്ധം പുതുപ്പള്ളി പള്ളി മേടയില്‍ വന്നു പല പ്രാവശ്യം താമസിക്കുവാനും കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കുവാനും പ്രേരകമായിട്ടുണ്ടെന്നു പറഞ്ഞുകേള്‍ക്കുന്നു. എന്തായാലും ആ ദിവ്യന്റെ പാദസ്പര്‍ശത്താല്‍ പുതുപ്പള്ളി അതിധന്യമാണ്.

പാലക്കുന്നത്ത് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ, അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവ തുടങ്ങിയവര്‍ പള്ളിമേടയില്‍ പലപ്പോഴായി ദീര്‍ഘകാലം താമസിക്കുകയും സുപ്രധാനമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുള്ളത് സഭയിലുംസമുദായത്തിലും ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആയത് എന്തൊക്കെയായാലും അവരുടെയൊക്കെ ശ്രദ്ധ ഒരുകാലത്ത് പുതുപ്പള്ളിപള്ളിമേലുണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. സഭാചരിത്രത്തില്‍ പുതുപ്പള്ളി പള്ളിക്കുള്ള നിര്‍ണായകമായ പങ്കാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്.