പുതുപ്പള്ളി വെച്ചൂട്ട്

പുതുപ്പള്ളി പെരുനാള്‍ വൈവിദ്ധ്യമാര്‍ന്ന ചടങ്ങുകളും കലാരൂപങ്ങളുമാണ് ഭക്തജനങ്ങള്‍ക്കു മുന്നില്‍ കാഴ്ചവയ്ക്കുന്നത്. പ്രസിദ്ധമായ വിറകിടീല്‍ ചടങ്ങ് അതിലൊന്നാണ്. എറികാട്, പുതുപ്പള്ളി ഭാഗങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ ശേഖരിച്ച് പള്ളിയില്‍ കൊണ്ടുവരുന്ന വിറകുകഷണങ്ങളാണ് വെച്ചൂട്ടിനുള്ള അരിയും കറികളും പാകംചെയ്യാന്‍ ഉപയോഗിക്കുന്നത്.

”എട്ടു നാടും കീര്‍ത്തികേട്ട പുതുപ്പള്ളി തന്നില്‍…” എന്നു തുടങ്ങുന്ന ആവേശകരമായ പാട്ടുകള്‍ പാടി ജനങ്ങള്‍ വിറകിടീല്‍ ചടങ്ങിനെത്തുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചടങ്ങാണിത്.

വെച്ചൂട്ടിന് വിളമ്പുന്ന ചോറ് ഉണക്കിപ്പൊടിച്ച് രോഗത്തിന് സിദ്ധൌഷധമായി ഉപയോഗിക്കുന്നു ഇവിടെയെത്തുന്ന ഭക്തജനങ്ങള്‍. പുതുപ്പള്ളി പള്ളിയില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പു പിരിഞ്ഞുപോയ ഇരുപതോളം പള്ളികളിലെ ഇടവകക്കാരുടെ സഹകരണത്തോടെയാണ് വെച്ചൂട്ട് വിളമ്പ്.

പള്ളിമൈതാനത്തെ അതിവിശാലമായ വിരിപന്തലിനു താഴെ ഒന്നിച്ചിരുന്ന് ജാതിമതഭേദമെന്യേ ഭക്തജനങ്ങള്‍ ഭക്ഷണം പങ്കിടുന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. പുതുപ്പള്ളിപള്ളിയിലെ വെച്ചൂട്ടിന് പാശ്ചാത്യരാജ്യങ്ങളില്‍ ലഭിച്ചുവരുന്ന പ്രചാരത്തിന് വര്‍ഷംതോറും ഇവിടെയെത്തുന്ന വിദേശടൂറിസ്റ്റുകള്‍തന്നെ തെളിവ്.

റാസയ്ക്കു മനോഹാരിതയേകുന്ന ക്രിസ്തീയ പാരമ്പര്യ കലാരൂപങ്ങളായ പരിചമുട്ടുകളി, മാര്‍ഗംകളി തുടങ്ങിയവയും സന്ദര്‍ശകരെയും തീര്‍ഥാടകരെയും ആകര്‍ഷിക്കുന്നു. വെച്ചൂട്ടിനെതുടര്‍ന്ന് നേര്‍ച്ചവിളമ്പും കഴിയുമ്പോഴാണ് പെരുനാളിനു സമാപനമാകുക.