പുതുപ്പള്ളി പള്ളിയുടെ ചരിത്രം


കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിനു വിശുദ്ധിയുടെയും മാനവ സാഹോദര്യത്തിന്റെയും തേജസ് ചൊരിഞ്ഞുകൊണ്ട് പരിലസിക്കുന്ന പുണ്യപുരാതന തീര്‍ഥാടന കേന്ദ്രമാണ് പുതുപ്പള്ളി പള്ളി. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ആചാരവൈവിധ്യംകൊണ്ടും സമ്പന്നമായ പൈതൃകംകൊണ്ടും അനുഗൃഹീതമായ ഈ വിശുദ്ധഭൂമിക്ക് നൂറ്റാണ്ടുകളുടെ കഥ കാലത്തോടു പറയുവാനുണ്ട്. തെക്കുംകൂര്‍ രാജാക്കന്മാര്‍ ക്രൈസ്തവര്‍ക്കു നല്‍കിയ അംഗീകാരവും പിന്തുണയുമാണ് പുതുപ്പള്ളിയില്‍ കൊല്ലവര്‍ഷം 732ല്‍ ഒരു ദേവാലയത്തിന്റെ സ്ഥാപനത്തിനു കാരണമായിത്തീര്‍ന്നത്. മലങ്കര മെത്രാനായിരുന്ന മാര്‍ത്തോമ്മാ അഞ്ചാമന്റെ കല്പനപ്രകാരമാണ് പുതുപ്പള്ളി വലിയപള്ളി സ്ഥാപിക്കപ്പെട്ടത് എന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്. തുടര്‍ന്നുള്ള പുതുപ്പള്ളി പള്ളിയുടെ വളര്‍ച്ചയും ദേശത്തിന്റെ അഭിവൃദ്ധിയും തമ്മില്‍ പരസ്പരം പൂരകവും പരസ്പരാശ്ളേഷിതവുമാണ്..

ചരിത്രം രചിക്കുവാനും ചരിത്രത്തോട് ഒപ്പം സഞ്ചരിക്കുവാനും ചരിത്രം തിരുത്തിക്കുറിക്കുവാനും കഴിഞ്ഞ ഒട്ടനവധി സംഭവങ്ങള്‍ക്ക് ഈ ദേവാലയം സാക്ഷ്യംവഹിച്ചു. നവീകരണ വിശ്വാസത്തിന്റെ അലയൊലികള്‍ മലങ്കരസഭാഗാത്രത്തെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാനും പൌരസ്ത്യ വിശ്വാസത്തെ നെഞ്ചിലേറ്റി ലാളിക്കുവാനും ഈ ദേവാലയത്തിലെ അംഗങ്ങള്‍ക്ക് സാധ്യമായി. മലങ്കര സഭ സന്ദര്‍ശിച്ച വിദേശ സഭാധ്യക്ഷന്മാരായ പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിനും പ. അബ്ദള്ള ദ്വിതീയനും ആതിഥ്യം നല്‍കുവാനും ഈ ദേവാലയത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മലങ്കര സഭയുടെ സ്വാതന്ത്യ്രത്തെ നിഹനിക്കുന്ന നിലപാടുകളെ എതിര്‍ക്കുവാന്‍ ജ്യാത്യാഭിമാനികളും സ്വാതന്ത്യ്രദാഹികളുമായ ഇടവകാംഗങ്ങള്‍ എക്കാലത്തും മുന്നിലുണ്ടായിരുന്നു. മലങ്കരസഭയെ മേയിച്ച് ഭരിച്ച എല്ലാ പിതാക്കന്മാരും തങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ പരിശുദ്ധ ദേവാലയത്തില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ആത്മീയ ചൈതന്യത്തില്‍ മധ്യസ്ഥത അണച്ചിട്ടുണ്ട്. മലങ്കര സഭയില്‍ സമാധാനം ഉണ്ടാക്കുവാന്‍വേണ്ടി ദമാസ്ക്കസിലേക്ക് യാത്ര തിരിച്ച പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി തന്റെ യാത്രയ്ക്ക് മുന്‍പ് ഈ ദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും മലങ്കര സഭയുടെ സ്വാതന്ത്യ്രപ്രഖ്യാപനം നടത്തുകയും ചെയ്തുവെന്നത് ഒരു ചരിത്രരേഖയായി ഇന്നും നിലനില്‍ക്കുന്നു. പുതുപ്പള്ളി പള്ളിയുടെ പൌരാണികതയും ചരിത്രപ്രാധാന്യവും കണക്കിലെടുത്ത് പരിശുദ്ധ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ ഈ ദേവാലയത്തെ ‘പൌരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തുകയുണ്ടായി. പുതുപ്പള്ളി പള്ളിയുടെ ചരിത്രപ്പെരുമയ്ക്ക് ഒരു ചന്ദനച്ചാര്‍ത്തായി ഏഴു മേല്‍പ്പട്ടക്കാര്‍ ഈ ദേവാലയത്തില്‍വച്ച് 19-2-2009ല്‍ അഭിഷിക്തരായി. മലങ്കരസഭയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി നടന്ന ഏഴു മെത്രാപ്പോലീത്താമാരുടെ സ്ഥാനാഭിഷേക കര്‍മങ്ങള്‍ക്ക് ആതിഥ്യമരുളുവാന്‍ കഴിഞ്ഞുവെന്നതും പുതുപ്പള്ളി പള്ളിക്ക് എക്കാലത്തും അഭിമാനിക്കാം..

വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ കാലംമുതല്‍ മലങ്കര നസ്രാണികള്‍ ആചരിച്ചുപോന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഒട്ടും തനിമവിടാതെ ഇന്നും ഈ ദേവാലയത്തില്‍ നിലനില്‍ക്കുന്നുണ്ട്. പെരുനാളിനു പത്തുദിവസം മുന്‍പു കൊടിമരമിടീല്‍ ചടങ്ങുകളോടെ പെരുനാള്‍ പരിപാടികള്‍ക്ക് തുടക്കംകുറിക്കുന്നു. വിശുദ്ധ ഗീവര്‍ഗീസ് സഹദായെയും വിശുദ്ധ ബഹനാം സഹദായെയും പ്രതിനിധീകരിക്കുന്നവയാണ് രണ്ടു കൊടിമരങ്ങള്‍. പുതുപ്പള്ളി പെരുനാള്‍ നാനാജാതി മതസ്ഥരുടെ പ്രാദേശിക ഉല്‍സവമായതുകൊണ്ടും മതമൈത്രിയുടെ സംഗമമായതുകൊണ്ടും ജാതിമത ഭേദമെന്യേ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ ഇതില്‍ ആത്യാഹ്ളാദപൂര്‍വം പങ്കുചേരുന്നു. പെരുനാളിന്റെ തലേദിവസം (മേയ് 6) ഉച്ചകഴിഞ്ഞ് ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് ആഘോഷത്തോടെ വിറകു കൊണ്ടുവന്ന് പള്ളിയില്‍ സൂക്ഷിക്കുന്നതാണ് വിറകിടീല്‍ കര്‍മം. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി വിറകു പള്ളിയില്‍ എത്തിക്കുന്ന കാഴ്ച ആവേശകരമാണ്..

പുതുപ്പള്ളിയുടെ തനതു സവിശേഷതകളില്‍ ഏറ്റവും മുഖ്യം വെച്ചൂട്ടാണ്. പെരുനാളിന് പള്ളിയില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പതിവില്‍നിന്നാണ് വെച്ചൂട്ട് രൂപംകൊണ്ടത്. എന്നാല്‍ ഇന്ന് ഈ വെച്ചൂട്ടിലൂടെ ലഭിക്കുന്ന ഭക്ഷണം മാറാരോഗങ്ങള്‍ക്കുള്ള ദിവ്യ ഔഷധമായി ഭക്തജനങ്ങള്‍ സ്വീകരിക്കുന്നു. പ്രയാസവും നിരാശയും രോഗവും ദുരിതവുംകൊണ്ട് അലയുന്ന ഭക്തജനങ്ങള്‍ ഇവിടെനിന്നും ലഭിക്കുന്ന ചോറില്‍ സഹദായുടെ ദിവ്യസാന്നിധ്യം അനുഭവിക്കുന്നു. നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച്, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ രോഗശാന്തി ലഭിച്ച ആയിരക്കണക്കിനു ഭക്തജനങ്ങളുടെ സാക്ഷ്യം ദേവാലയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗശാന്തിക്കുവേണ്ടി കുരുമുളക്, എള്ള്, കടുക്, അരി, കരപ്പനപ്പം, നെയ്യപ്പം എന്നിവ അര്‍പ്പിച്ച് പലവിധത്തിലുള്ള ത്വക്ക്രോഗങ്ങളും മാനസികരോഗങ്ങളും മാറിയിട്ടുള്ളവര്‍ അനവധിയാണ്. കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികള്‍ക്ക് സഹദായുടെ മധ്യസ്ഥതയാല്‍ സന്താന സൌഭാഗ്യം ലഭിച്ചു എന്നതിനും സാക്ഷ്യകളുണ്ട്..

വിളിച്ചാല്‍ വിളികേള്‍ക്കുന്ന പുതുപ്പള്ളി പുണ്യാളച്ചന്റെ മധ്യസ്ഥത നമുക്ക് അനുഗ്രഹവും കാവലും കോട്ടയും ആകട്ടെയെന്നു പ്രാര്‍ഥിക്കുന്നു.