നവീകരിക്കപ്പെട്ട പുതുപ്പള്ളിപ്പള്ളി പുണ്യസ്മൃതിയിലേക്ക്

നവീകരിക്കപ്പെട്ട പുതുപ്പള്ളിപ്പള്ളി അതിമനോഹരമായ ഒരു ദേവാലയമാണ്. പരിശുദ്ധ ത്രിത്വത്തിന്റെ സമന്വയവും പാശ്ചാത്യവും പൌരസ്ത്യവും ഭാരതീയവുമായ സംസ്കാരങ്ങളുടെ സമന്വയവും ഇവിടെ പ്രതിഫലിക്കുന്നു. പള്ളിയുടെ ഉള്ളിലേക്കു പ്രവേശിച്ചാല്‍ ഒന്നു മറ്റൊന്നില്‍നിന്നു വേറിട്ടുനില്‍ക്കുന്നതായി തോന്നാം. ഭക്തജനങ്ങള്‍ക്കും തീര്‍ഥാടകര്‍ക്കും യാതൊരു അലോസരവും കൂടാതെ പ്രാര്‍ഥിക്കുവാനും ധ്യാനിക്കുവാനും ഇപ്പോഴത്തെ സംവിധാനം സഹായകരമാണ്. പള്ളിയില്‍ അനുദിനം എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഇടവകയില്‍ നടക്കുന്ന ചില ചടങ്ങുകള്‍ സ്വസ്ഥമായിരുന്നു ധ്യാനിക്കുവാന്‍ തടസ്സമാകാറുണ്ടായിരുന്നു. മാമോദീസ, വിവാഹം, ശവസംസ്കാരം തുടങ്ങിയ കര്‍മങ്ങള്‍ ഒരുഭാഗത്തു നടക്കുമ്പോള്‍ തീര്‍ഥാടകര്‍ക്കു മറുഭാഗത്തിരുന്നു ശാന്തമായി പ്രാര്‍ഥിക്കുവാന്‍, ആത്മസായുജ്യം നേടുവാന്‍ പുതിയ സംവിധാനം സഹായിക്കുന്നു.

പുതിയ പള്ളിയുടെ എടുത്തുപറയേണ്ട പ്രത്യേകത ഒന്‍പതു ത്രോണോസുകള്‍ ഉണ്ടെന്നുള്ളതാണ്. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമധേയത്തിലാണ് മധ്യഭാഗത്തുള്ള വലിയ പള്ളിയുടെ പ്രധാന ത്രോണോസ്. ഇടത്തും വലത്തുമായി ഇന്ത്യയുടെ കാവല്‍പിതാവായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെയും പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെയും ത്രോണോസുകള്‍ പണികഴിപ്പിച്ചിരിക്കുന്നു. പ്രധാന പള്ളിയുടെ വടക്കുഭാഗത്തു പുതുതായി പണിതീര്‍ത്ത ഭാഗത്തു മധ്യത്തില്‍ വിശുദ്ധ ദൈവമാതാവിന്റെയും ഇടത്തും വലത്തുമായി മര്‍ത്തശ്മൂനിയമ്മ, മോര്‍ത്ത് യൂലീത്തി എന്നിവരുടെ നാമധേയത്തിലുള്ള ത്രോണോസുകളുമാണു രൂപകല്‍പന ചെയ്തിരിക്കുന്നത്. ശുദ്ധിമതികളുടെ മാത്രം നാമത്തിലുള്ള മലങ്കരയിലെ ഏക ദേവാലയവും ഇതുതന്നെയാണ്.

പള്ളിയുടെ തെക്ക് പുതുക്കിപ്പണിത ഭാഗത്തു മധ്യത്തില്‍ വിശുദ്ധ ബഹനാന്‍ സഹദായുടെയും അവിടെ താഴെ ഇടത്തും വലത്തും ഭാഗത്തായി പരിശുദ്ധ വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെയും പാമ്പാടി കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെയും ത്രോണോസുകള്‍ നിര്‍മിച്ചിരിക്കുന്നു. സഭാഭാസുരന്‍ പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ നാമത്തില്‍ മലങ്കരയില്‍ ആദ്യമായി ത്രോണോസ് സ്ഥാപിക്കുന്നതു പുതുപ്പള്ളിപ്പള്ളിയിലാണ്.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ് ഭക്തജനങ്ങള്‍ക്കു ദര്‍ശിക്കുവാനും ആ സാന്നിധ്യത്തില്‍ അഭയം പ്രാപിച്ചു ധ്യാനിക്കുവാനും ആത്മദുഃഖങ്ങള്‍ അകറ്റുവാനും തക്ക സൌകര്യത്തില്‍ തെക്കുഭാഗത്തെ ചാപ്പലില്‍ പ്രത്യേകം സംവിധാനം ചെയ്തിരിക്കുന്നു.

ഒന്‍പതു ത്രോണോസുകള്‍ – നമ്മുടെ കര്‍ത്താവിന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ ഒന്‍പതു വിശുദ്ധര്‍ – അവരില്‍ അഭയംപ്രാപിച്ചുകൊണ്ടുള്ള പ്രാര്‍ഥനകള്‍ പുതുപ്പള്ളിപ്പള്ളിയെ നമ്മുടെ ദേശത്തെ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.