ഗീവര്‍ഗീസ് പെരുനാള്‍ ദിനങ്ങള്‍

കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ഏറ്റവുമധികം ഭക്ത്യാദരവുകള്‍ നേടിയ പുണ്യവാളന്മാരില്‍ ഒരാളാണ് ഗീവര്‍ഗീസ് സഹദാ. സുറിയാനി ഭാഷയില്‍ നിന്നും വന്ന ‘സഹദാ’ എന്ന പദം (രക്തസാക്ഷി) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഗീവര്‍ഗീസ് പലസ്തീനിലെ ലിഡ അഥവ ഡിയോസ് പൊളീസ് എന്ന സ്ഥലത്ത് ഏ.ഡി. 250-ലാണ് ജനിച്ചത്. സൈനികനായിരുന്ന പിതാവു മരിച്ചപ്പോള്‍ തന്റെ പതിനേഴാമത്തെ വയസില്‍ അദ്ദേഹം ഡയോക്ളീഷന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തില്‍ ചേര്‍ന്നു.

ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കു നേരെ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ വിശ്വാസത്തില്‍ ഉറച്ചുനിന്ന ഗീവര്‍ഗീസ് ധീരതയുടെയും അര്‍പ്പണത്തിന്റെയും മാതൃകയായി. പ്രലോഭനങ്ങളും പീഡനങ്ങളും അദ്ദേഹത്തിനു മുന്നില്‍ വിലപ്പോയില്ല. ചക്രവര്‍ത്തിയുടെ അപ്രീതിക്കു പാത്രമായ വിശുദ്ധന്‍ പീഡനങ്ങളേറ്റു ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായി. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ ഗീവര്‍ഗീസ് പുണ്യവാളനെ ‘വലിയ സഹദാ’യെന്നു വിളിക്കുന്നു. പരിശുദ്ധ ഗീവര്‍ഗീസ് സഹദാ ജോര്‍ജിയ, ഇംഗണ്ട് എന്നീ രാജ്യങ്ങളുടെ ദേശീയ മധ്യസ്ഥനായി അംഗീകരിക്കപ്പെട്ടിടുണ്ട്. പട്ടാളക്കാരുടെ രക്ഷാധികാരിയായ വിശുദ്ധനായും സഹദാ അറിയപ്പെടുന്നു. ഭീകരവ്യാളിയില്‍ നിന്നും നാട്ടുരാജാവിന്റെ മകളെ രക്ഷപ്പെടുത്തുന്ന ഗീവര്‍ഗീസ് പുണ്യവാളന്റെ ചിത്രം ലോകപ്രശസ്തമാണ്.

സമുദ്രജീവികളില്‍ നിന്നും ഇഴജന്തുക്കളില്‍നിന്നും സംരക്ഷണം നല്‍കുന്നതിനും അപകടങ്ങളില്‍ നിന്നും പൈശാചിക പ്രവര്‍ത്തനങ്ങളില്‍നിന്നും കാത്തുകൊള്ളുന്നതിനുമുള്ള പ്രത്യേക മധ്യസ്ഥനായാണ് വി. ഗീവര്‍ഗീസ് സഹദായെ കേരളീയര്‍ കരുതുന്നത്. അപ്പസ്തോലിക സഭകളെല്ലാം പരിശുദ്ധനായി അംഗീകരിക്കുന്ന ഗീവര്‍ഗീസ് പുണ്യവാളന്റെ പെരുനാള്‍ ആഘോഷദിനങ്ങളാണ് ഇപ്പോള്‍ കേരളത്തിലെമ്പാടും.