അനുഗ്രഹവര്‍ഷം ചൊരിയും തീര്‍ഥാടനകേന്ദ്രം

-കെ. കെ. കുറിയാക്കോസ് വാവള്ളില്‍, എം.ജെ. ഐപ്പ് മള്ളിയില്‍ (കൈക്കാരന്മാര്‍)

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ സാംസ്കാരികമായ പൈതൃകംകൊണ്ടും ആചാരനുഷ്ഠാനങ്ങളുടെ തനിമകൊണ്ടും വിശ്വപ്രസിദ്ധമാണ് പുതുപ്പള്ളി പള്ളി. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും വിശുദ്ധ ബഹനാന്‍ സഹദായുടെയും വിശുദ്ധ ദൈവമാതാവിന്റെയും ദിവ്യമായ സാന്നിധ്യത്താല്‍ അതിധന്യമാണ് ഈ ദേവാലയം. മര്‍ത്തശ്മൂനിയമ്മ, മോര്‍ത്ത് യൂലീത്തി, വിശുദ്ധ തോമാശ്ളീഹാ, പരിശുദ്ധ പരുമല തിരുമേനി, പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി, പാമ്പാടി തിരുമേനി എന്നിവരുടെ ആത്മീയ ചൈതന്യത്താല്‍ അനുഗൃഹീതമാണ്.

പുതുപ്പള്ളി പുണ്യവാളന്‍ – വിശുദ്ധ ഗീവര്‍ഗീസ് സഹദാ ദേശക്കാരുടെ മുഴുവന്‍ കാവല്‍നാഥനാണ്. അതുകൊണ്ടുതന്നെ ഈ പുരാതന പുണ്യഭൂമി മാനവമൈത്രിയുടെയും മതമൈത്രിയുടെയും സംഗമസ്ഥാനമാണ്. ”വിളിച്ചാല്‍ വിളികേള്‍ക്കുന്ന, അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കുകയില്ലാത്ത പുണ്യാളച്ചന്റെ തിരുസന്നിധിയില്‍ നാനാജാതി മതസ്ഥര്‍ അഭയംപ്രാപിക്കുന്നു. വ്രണിതഹൃദയരും ഭഗ്നാശരുമായ ജനസഹസ്രങ്ങള്‍ സഹദായുടെ അനുഗ്രഹത്താല്‍ സര്‍വലോക രക്ഷകന്റെ കൃപയും വരപ്രസാദവുംനേടുന്നു.

കോട്ടയം – ചങ്ങനാശേരി റോഡില്‍ പുതുപ്പള്ളി കവലയില്‍നിന്ന് ഒരു കിലോമീറ്റര്‍ തെക്കു പടിഞ്ഞാറ് കൊടൂരാറിന്റെ തീരത്ത് അങ്ങാടിയോടു ചേര്‍ന്നാണു പുതുപ്പള്ളി പള്ളി. പ്രകൃതിസുന്ദരമായ ഗ്രാമീണ പശ്ചാത്തലം ഇവിടെയെത്തുന്ന തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയു ആത്മഹര്‍ഷത്തിന്റെ ഉദാത്ത മേഖലകളിലെത്തിക്കുന്നു.
”പുതുപ്പള്ളിപള്ളി വാസം
ഗീവറുഗീസ് നാമനാഥം
അശ്വാരൂഡം വ്യാളിനാശം
നിത്യം ഭജേ കാവല്‍നാഥം” എന്ന് ഉരുവിട്ടു പതിനെട്ടാംപടി കയറുന്ന ഭക്തന്മാര്‍, സര്‍വ പാപക്കറകളും തീര്‍ത്ത് രക്ഷിക്കുവാന്‍, സര്‍വവിഘ്നങ്ങളും തീര്‍ക്കുവാന്‍ പുണ്യാളച്ചന്റെ തിരുനടയില്‍ തേങ്ങയുടയ്ക്കുന്ന ഭക്തന്മാര്‍, മുട്ടിന്മേല്‍ നീന്തിയും ശയനപ്രദക്ഷിണം നടത്തിയും കൃതാര്‍ഥരാകുന്ന ഭക്തന്മാര്‍, പാമ്പും പുറ്റും ആള്‍രൂപവും അവയവരൂപവും നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ഭക്തന്മാര്‍. അരിയും എള്ളും കുരുമുളകും കരനപ്പനപ്പവും നെയ്യപ്പവും കാണിക്കയോടൊപ്പം സമര്‍പ്പിക്കുന്ന ഭക്തന്മാര്‍ – പുതുപ്പള്ളി പള്ളിയുടെ പ്രാചീന സംസ്കൃതിയുടെ – കേരളീയത്തനിമയുടെ മായാത്ത ചിത്രമായി ഇന്നും അവശേഷിക്കുന്നു. കോഴിനേര്‍ച്ചയും വച്ചൂട്ടും വെടിക്കെട്ടും ആചാരവെടികളും ചെണ്ടമേളവും വാദ്യഘോഷങ്ങളുമൊക്ക കാലംമാറിയിട്ടും മാറാത്ത ആചാരങ്ങളായി പുതുപ്പള്ളിയില്‍ അവശേഷിക്കുന്നു.

ആത്മീയതയില്‍ ക്രൈസ്തവവും ആരാധനാക്രമത്തില്‍ പൌരസ്ത്യവും സംസ്കാരത്തില്‍ തനി ഭാരതീയവുമായ വീക്ഷണമാണ് പുതുപ്പള്ളിയില്‍ പരിപാലിക്കുന്നത്. അതുതന്നെയാണു പുതുപ്പള്ളിപള്ളിയെ ഇതര ദേവാലയങ്ങളില്‍നിന്നു വ്യതിരിക്തമാക്കുന്നതും.